ഒരു എൻജിനിയർ നിർമിതികൾ നടത്തുന്നയാൾ മാത്രമല്ല നാടിനെ കെട്ടിപ്പെടുക്കുന്ന വ്യക്തികൂടിയാണെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന മഹാത്മാവാണ് സർ എം. വിശ്വേശ്വരരയ്യ. സെപ്റ്റംബർ 15, വിശ്വേശ്വരയ്യയുടെ ജൻമദിനം ഇന്ത്യയിൽ ദേശീയ എൻജിനിയേഴ്സ് ദിനമായി ആചരിക്കുമ്പോൾ അത് കേവലം ഒരു സാങ്കേതിക തൊഴിലിനോടുള്ള ആദരവ് മാത്രമല്ല. മറിച്ച്, ആധുനിക ഇന്ത്യയുടെ വികസനശില്പികളിലൊരാളായ സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ എന്ന മഹാനായ എൻജിനിയറുടെ ദീർഘവീക്ഷണത്തിനും പ്രതിഭയ്ക്കുമുള്ള രാജ്യത്തിന്റെ പ്രണാമമാണ്. തെരുവുവിളക്കിന്റെ വെളിച്ചത്തിൽ പഠിച്ച്, ഇന്ത്യയുടെ നദീതീരങ്ങളെയും കാർഷികമേഖലയെയും പുനർനിർമിച്ച അദ്ദേഹത്തിന്റെ വിസ്മയ ജീവിതം ഏതൊരു തലമുറയ്ക്കും പ്രചോദനമാണ്.
1861 സെപ്റ്റംബർ 15ന് കർണാടകത്തിലെ മുദ്ദേനഹള്ളി ഗ്രാമത്തിലാണ് വിശ്വേശ്വരയ്യ ജനിച്ചത്. വിശ്വ എന്നായിരുന്നു വിളിപ്പേര്. മെലിഞ്ഞു ദുർബലനായ ആ ബാലനെ നോക്കി ഒരിക്കൽ ഒരു അധ്യാപകൻ പറഞ്ഞു, ഇവൻ അധികകാലം ജീവിച്ചിരിക്കില്ലെന്ന്. എന്നാൽ, ആ വാക്കുകൾ വിശ്വത്തെയോ കുടുംബത്തെയോ തളർത്തിയില്ല. വിശ്വയ്ക്ക് 15 വയസുള്ളപ്പോഴാണ് സംസ്കൃതപണ്ഡിതനായിരുന്ന പിതാവിന്റെ വിയോഗം. ആ അപ്രതീക്ഷിത വേർപാട് കുടുംബത്തെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് തള്ളിവിട്ടു.
എന്നാൽ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി മുന്നേറിയ അദ്ദേഹം, തെരുവുവിളക്ക് പ്രകാശത്തിലിരുന്നു പഠിച്ചാണ് പ്രാഥമിക പഠനം പൂർത്തിയാക്കിയത്.ബംഗളൂരു സെൻട്രൽ കോളജിൽനിന്ന് ബിഎ നേടിയശേഷം, പൂനെ കോളജ് ഓഫ് സയൻസിൽനിന്ന് സിവിൽ എൻജിനിയറിംഗിൽ ഒന്നാം റാങ്കോടെ ഡിപ്ലോമ കരസ്ഥമാക്കി. തുടർന്ന് അന്നത്തെ ബോംബെ പ്രസിഡൻസിയുടെ പൊതുമരാമത്ത് വകുപ്പിൽ എൻജിനിയറായി ഔദ്യോഗികജീവിതം ആരംഭിച്ചു.
അണക്കെട്ടുകളുടെ സംരക്ഷകൻ
പ്രളയം പതിവായിരുന്ന അക്കാലത്ത് ജലവിഭവ മാനേജ്മെന്റിൽ വിശ്വേശ്വരയ്യ നടത്തിയ പരീക്ഷണങ്ങൾ ലോകത്തെ അദ്ഭുതപ്പെടുത്തി. ഓട്ടോമാറ്റിക് വാട്ടർ ഗേറ്റുകളാണ് അതിൽ പ്രധാനം. അണക്കെട്ടുകളിലെ വെള്ളം പാഴായിപ്പോകുന്നത് തടയാൻ അദ്ദേഹം രൂപകല്പന ചെയ്തു പേറ്റന്റ് നേടിയ ഓട്ടോമാറ്റിക് വാട്ടർ ഗേറ്റുകൾ ലോകത്തെ വിസ്മയിപ്പിച്ചു. ആദ്യം പൂനയിലെ ഖടക്വാസ്ല അണക്കെട്ടിലാണ് ഇതു സ്ഥാപിച്ചത്.
അണക്കെട്ടിലെ ജലനിരപ്പ് ഉയരുമ്പോൾ മനുഷ്യസഹായമില്ലാതെ അടയുകയും തുറക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യ പിന്നീട് മധ്യപ്രദേശിലെ ഗ്വാളിയറിലെ തിഗ്ര അണക്കെട്ടിലും മൈസൂരിലെ കൃഷ്ണരാജസാഗർ അണക്കെട്ടിലും സ്ഥാപിച്ചു. ഡാമുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ സംവിധാനം വലിയ വിപ്ലവമാണു സൃഷ്ടിച്ചത്. ഇതിനു പുറമെ, വരണ്ടുണങ്ങിയ ഡെക്കാൻ പീഠഭൂമിയിൽ കൃഷിക്ക് തടസമില്ലാതെ വെള്ളമെത്തിക്കാൻ അദ്ദേഹം വികസിപ്പിച്ച ജലസേചനരീതി കാർഷികമേഖലക്ക് പുതുജീവൻ നൽകി.
ഹൈദരാബാദിന്റെ രക്ഷകൻ
1908ൽ മൂസി നദിയിലുണ്ടായ മഹാപ്രളയം ഹൈദരാബാദ് നഗരത്തെ അപ്പാടെ തകർത്തെറിഞ്ഞു. ഇതിന ു പരിഹാരം കാണാൻ നൈസാം ചുമതലപ്പെടുത്തിയത് വിശ്വേശ്വരയ്യയെയാണ്. അദ്ദേഹം, രൂപകല്പന ചെയ്ത ഡ്രെയിനേജ് സംവിധാനവും വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികളും ഹൈദരാബാദിനെ പ്രളയങ്ങളില്നിന്നു കരകയറ്റി. വിശാഖപട്ടണം തുറമുഖത്തെ കടലാക്രമണത്തിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള സാങ്കേതികപദ്ധതി തയാറാക്കിയതും അദ്ദേഹമായിരുന്നു.
മൈസൂരിന്റെ ശില്പി
1912 മുതൽ 1918 വരെ മൈസൂർ ദിവാനായും വിശ്വേശ്വരയ്യ സേവനമനുഷ്ഠിച്ചു. മൈസൂരിന്റെ സുവർണ കാലഘട്ടമായാണ് അത് അറിയപ്പെടുന്നത്. ഏഷ്യയിലെതന്നെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ കൃഷ്ണരാജസാഗർ നിർമിച്ചത് ഈ എൻജിനിയറിംഗ് പ്രതിഭയുടെ മേൽനോട്ടത്തിലാണ്.
മികച്ചൊരു സാമ്പത്തിക വിദഗ്ധൻ കൂടിയായിരുന്നു വിശ്വേശ്വരയ്യ. ജനങ്ങളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് സ്ഥാപിച്ചതാണ് ബാങ്ക് ഓഫ് മൈസൂർ.
മൈസൂരിൽ, ഭദ്രാവതി ഇരുമ്പുരുക്ക് ഫാക്ടറിയും മൈസൂർ സോപ്പ് ഫാക്ടറിയും സ്ഥാപിച്ച് വ്യവസായവത്കരണത്തിന് തുടക്കമിട്ടു. പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് മൈസൂരിൽ നിരവധി സ്കൂളുകളും കോളജുകളും സ്ഥാപിച്ചു. ഇതിനു പ ുറമേ ബംഗളൂരു ഗവർമെന്റ് എൻജിനിയറിംഗ് കോളജും അദ്ദേഹം സ്ഥാപിച്ചതാണ്. കന്നഡ ഭാഷയുടെയും സംസ്കാരത്തിന്റെയും വളർച്ചയ്ക്ക് കന്നഡ സാഹിത്യപരിഷത്ത് രൂപീകരിച്ചു.
മായാത്ത മുദ്ര
ഇന്ത്യൻ എൻജിനിയറിംഗ് മേഖലയ്ക്കു നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച് 1955ൽ രാജ്യം ഭാരതരത്ന ബഹുമതി നൽകി ആദരിച്ചു. ബ്രിട്ടീഷ് സർക്കാർ സർ പദവി നൽകി. ഇന്ത്യക്ക് പുറമേ ശ്രീലങ്ക, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളും വിശ്വേശ്വരയ്യയുടെ ജന്മദിനത്തിൽതന്നെയാണ് എൻജിനേഴ്സ് ദിനം ആഘോഷിക്കുന്നത്.
1962 ഏപ്രിൽ 14ന് നൂറാം വയസിൽ വിശ്വേശ്വരയ്യ അന്തരിച്ചു. അദ്ദേഹം കെട്ടിപ്പടുത്ത സൗകര്യങ്ങളും സംവിധാനങ്ങളും ആറു പതിറ്റാണ്ടിനുശേഷവും ഒരു തടസവുമില്ലാതെ പ്രവർത്തിക്കുന്നു. വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും ശാസ്ത്രത്തെ മാനവപുരോഗതിക്കായി എങ്ങനെ ഉപയോഗിക്കാമെന്ന കാഴ്പ്പാടുമാണ് സർ എം. വിശ്വേശ്വരയ്യ എന്ന യുഗപുരുഷൻ പഠിപ്പിക്കുന്നത്.